ഹരിപ്പാട്: കരുവാറ്റയിൽ വാടകവീട്ടിൽ തനിച്ചായിരുന്ന എഴുപതുകാരനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലം കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ ആണ് കൊല്ലപ്പെട്ടത്. കരുവാറ്റ പഞ്ചായത്ത് ഒൻപതാം വാർഡിൽ മാടപ്പുറയ്ക്കൽ പാടീറ്റതിൽ കുറച്ചുകാലമായി കുടുംബസമേതം വാടകയ്ക്കു താമസിക്കുകയായിരുന്നു.
മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. അടിഭാഗം ഷീറ്റും മുകൾഭാഗം ഗ്രില്ലുമുള്ള അടുക്കള വാതിലിലൂടെയാണ് അക്രമികൾ അകത്തുകടന്നതെന്നാണ് പോലീസ് കണ്ടെത്തൽ. ഗ്രില്ലിലൂടെ കൈയിട്ട് അകത്തെ സാക്ഷ മാറ്റിയായിരുന്നു പ്രവേശനം. കൃത്യം നടത്തിയശേഷം ഇതേവഴി പുറത്തിറങ്ങി തിരികെ ഗ്രില്ലിലൂടെ കൈയിട്ട് സാക്ഷയിട്ടാണ് പ്രതികൾ കടന്നുകളഞ്ഞത്. വീടിന്റെ മുൻവാതിലുകൾ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.
വീടിനകത്തെ അലമാരകൾ തുറന്നിട്ട നിലയിലും വസ്ത്രങ്ങൾ തറയിൽ വാരിവലിച്ചിട്ട നിലയിലുമാണ്. വീട്ടിൽ സൂക്ഷിച്ചിരുന്ന ആറു പവൻ സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായാണ് വിവരം. ഡൈനിംഗ് റൂമിലെ തറയിലാണ് കൈയും കാലുകളും പരസ്പരം ബന്ധിച്ച നിലയിൽ ശിവൻകുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. കഴുത്തിൽ പുതപ്പും തുണിയും കൊണ്ട് വരിഞ്ഞുമുറുക്കിയിരുന്നു.
ഡോഗ് സ്ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും പരിശോധന തടസപ്പെടുത്താൻ വീടിന്റെ പ്രധാന വാതിൽപ്പടികളിലും തറയിലും മുളകുപൊടി വിതറിയിട്ടുണ്ട്.
മകൾ ശ്രീകലയുടെ പ്രസവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മുതൽ ഭാര്യ സരസ്വതി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. ശനിയാഴ്ച ഉച്ചവരെ ശിവൻകുട്ടിക്കൊപ്പം കൊച്ചുമകൾ വീട്ടിലുണ്ടായിരുന്നു.
പിന്നീട് കൊച്ചുമകൾ സുഹൃത്തിന്റെ വീട്ടിലേക്കു പോയി. വിളിച്ചിട്ടു കിട്ടാതായതോടെ ഇന്നലെ രാവിലെ എട്ടോടെ കൊച്ചുമകളും അയൽവാസിയും മകളുടെ വീടുപണി കരറെടുത്ത ഇതരസംസ്ഥാന തൊഴിലാളിയുമൊത്ത് എത്തിയപ്പോൾ വീട് അടഞ്ഞുകിടക്കുകയായിരുന്നു. സംശയം തോന്നി അടുക്കള വാതിലിന്റെ ഗ്രില്ലിലൂടെ കൈയിട്ട് സാക്ഷ മാറ്റി അകത്തു കടന്നപ്പോഴാണ് മൃതദേഹം കണ്ടത്.
ഡിഐജി യതീഷ് ചന്ദ്ര, ആലപ്പുഴ ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, ഡിവൈഎസ്പി, എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും ഫോറൻസിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഗൾഫിലുള്ള മകൾ എത്തിയ ശേഷം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കും. ഭാര്യ: സരസ്വതി. മക്കൾ: ശ്രീകല, ശശികല. മരുമകൻ: ബിജു.